മെക്‌സിക്കോയിലെ വെള്ളം നിറഞ്ഞ ഭൂഗര്ഭ ഗുഹകള് വിലപ്പിടിപ്പുള്ള കോടികളുടെ നിധി സൂക്ഷിച്ചുവെച്ചിട്ടുള്ള ഇടമാണ്. ഈ ഗുഹകളെല്ലാം പുരാവസ്തു ഗവേഷകര്ക്ക് അക്ഷയഖനിയുമാണ്. ലക്ഷക്കണക്കിന് വര്ഷങ്ങള്ക്ക് മുൻപുള്ള മൃഗങ്ങളുടെ മുതല് 9000 വര്ഷങ്ങള്ക്ക് മുൻപുള്ള മായന് കാലഘട്ടത്തിലെ മനുഷ്യരുടെ നിര്മിതികളുടേയും ശേഷിപ്പുകളാണ് ഇവിടെ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഇതുവരെകണ്ടെടുത്തതിനേക്കാള് കൂടുതല് അമൂല്യ നിക്ഷേപങ്ങൾ ഒളിപ്പിച്ചവയാണ് പ്രകൃതിയുടെ ഈ അദ്ഭുത ഗുഹകളെന്നാണ് ഗവേഷകരുടെ നിഗമനം. മെക്‌സിക്കോയിലെ ഈ അദ്ഭുത ഗുഹയില് കാലാകാലങ്ങളില് വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരുന്നു. കടുത്തവേനലുകളില് പ്രദേശങ്ങളിലെ മൃഗങ്ങളുടേയും മനുഷ്യരുടേയും ആശ്രമയമായിരുന്നു ഈ വെള്ളം നിറഞ്ഞ ഗുഹകള്. സവിശേഷമായ ആവാസവ്യവസ്ഥതന്നെ ഈ ഗുഹകള് സൃഷ്ടിച്ചു. ഇവിടെ ജനിച്ച് ജീവിച്ച് പുറംലോകം കാണാതെ ചത്തുപോയ ജീവികളും ഈ ഗുഹകളിലുണ്ടായിരുന്നു. 26 ലക്ഷം വര്ഷം മുൻപ് മുതല് 11700 വര്ഷം വരെയുള്ള പ്ലീസ്റ്റോസീന് കാലഘട്ടത്തിലെ നിരവധി ജീവികളുടെ ഫോസിലുകള് കൂടി കണ്ടെത്തിയതോടെയാണ് മെക്‌സിക്കോയിലെ ഗുഹകള് വലിയ തോതില് പ്രസിദ്ധി നേടുന്നത്. മായന് കാലഘട്ടത്തിലെ മനുഷ്യരുടെ ശേഷിപ്പുകളും നിര്മിതികളും കണ്ടെത്തിയവയില് പെടുന്നു. ശിലായുഗ കാലത്തെ പൂര്വ്വികരെ പിന്തുടര്ന്നായിരിക്കാം മായന്മാര് ഈ ഗുഹകളെ അഭയകേന്ദ്രമാക്കിയിരുന്നതെന്ന്കരുതപ്പെടുന്നു. ലോകത്ത് ഇപ്പോള് നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു ശേഖരമുള്ള പ്രദേശമായാണ് മെക്‌സിക്കോയിലെ വെള്ളംനിറഞ്ഞ ഭൂഗര്ഭ ഗുഹകള്. സ്‌കൂബ ഡൈവര്മാര് കണ്ടെത്തിയ ഗുഹകളില് 248 ഭൂഗര്ഭ കുളങ്ങളുണ്ട്. പരസ്പരം ബന്ധിപ്പിക്കുന്ന ഗുഹയുടെ നീളം 347 കിലോമീറ്റര് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. മെക്‌സിക്കോയിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപ്പോളജി ആന്റ് ഹിസ്റ്ററിയുടെ സഹായത്തോടെയാണ് ഇപ്പോള് ഗവേഷണം നടക്കുന്നത്. ഉത്ഖനനം ആരംഭിച്ചശേഷം ഈ ഗുഹയ്ക്കുള്ളില് മാത്രം 200ലേറെ പുരാവസ്തു കേന്ദ്രങ്ങള് കണ്ടെത്തിക്കഴിഞ്ഞു. ആനയുടെ പൂര്വികരെന്ന് വിശ്വസിക്കപ്പെടുന്ന 12- 1.6മില്യണ് വര്ഷങ്ങള്ക്ക് മുൻപ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ഗോംഫോതെരകളുടെ ഫോസിലുകള് മുതല് ഭീമന് സ്ലോത്തുകളുടേയും കരടികളുടേയും ശേഷിപ്പുകള് ഇവിടെ നിന്നും ലഭിച്ചു. കത്തിച്ച മനുഷ്യന്റെ അസ്ഥികളും കളിമണ് പാത്രങ്ങളും വിലപ്പിടിപ്പുള്ള ലോഹങ്ങളും മറ്റു വസ്തുക്കളും അടങ്ങിയ അദ്ഭുത ലോകമാണ് മുങ്ങാംകുഴിയിട്ട് ചെല്ലുന്നവര്ക്ക് മുന്നിലേക്ക് ഗുഹകള് കാണിച്ചു കൊടുക്കുന്നത്. അവസാനത്തെ ഹിമയുഗത്തിന്റെ ഒടുവിലായി 330 അടിയോളം ഉയരത്തില്ഈ ഗുഹകളില് വെള്ളം നിറഞ്ഞുവെന്നാണ് കരുതപ്പെടുന്നത്. ഇത് അതുവരെ ഈ ഗുഹയിലുണ്ടായിരുന്നവയെയെല്ലാം വെള്ളത്തില് മുക്കി. ആഴങ്ങളില് സൂക്ഷിക്കപ്പെട്ടിരുന്നതിനാല് ഈ ശേഷിപ്പുകള്ക്ക് കാര്യമായ കേടുപാടുകള് സംഭവിച്ചുമില്ല. മായന്മാരുടെ കാലത്തേതെന്ന് വിശ്വസിക്കപ്പെടുന്ന 198 വസ്തുക്കളാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇതില് 138 എണ്ണം പോസ്റ്റ് ക്ലാസിക് മായന് കാലഘട്ടത്തിലേയും (900-1200 എഡി) 60 എണ്ണം പ്രീ സെറാമിക് കാലഘട്ടത്തിലേയുമാണെന്നാണ്(10000- 4000ബിസി) കരുതപ്പെടുന്നത്. ഈ ഗുഹകളിലെ കൈവഴികള് പലതും മായന്മാരുടെ ആചാരാനുഷ്ടാനങ്ങള്ക്ക് സാക്ഷ്യം വഹിച്ചിരുന്നവയാണെന്ന സൂചനകള് നല്കുന്നുണ്ട്. കൂടുതല് പര്യവേഷണങ്ങളിലൂടെ നിരവധി അമൂല്യ വസ്തുക്കള് ഗുഹകളില് നിന്നും കണ്ടെടുക്കാനാകുമെന്നാണ് പുരാവസ്തു ഗവേഷകരുടെ പ്രതീക്ഷ.


Comments
Post a Comment